സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിൽ കോട്ടയം സ്വദേശി നേഴ്സിനെ കുത്തിമലർത്തി ശരീരത്തിൽ കാർ കയറ്റി കൊന്നു. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി (27) ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കൂടുതൽവിശദാംശങ്ങൾ പുറത്തു വിട്ടില്ല.
കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് സംഭവം. കത്തികൊണ്ട് കുത്തി വീഴ്‌ത്തിയതിന് ശേഷം നിലത്ത് വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റുകയാണ് ഭർത്താവ് ചെയ്തത്. 17 തവണ മെറിന്റെ ശരീരത്തിൽ ഭർത്താവ് കുത്തി്. ആത്മഹത്യക്ക് ശ്രെമിച്ച ഭർത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് മെറിൻ. ഇവർക്ക് രണ്ട് വയസുള്ള മകളുണ്ട്. കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ കാർ പാർക്കിങ് ഇടത്തിട്ട് കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയ ശേഷം കാറിടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷമായി ഇവർ തമ്മിൽ അസ്വാരസങ്ങളുണ്ടായിരുന്നു.
ഡിസംബറിൽ നാട്ടിൽവച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോർട്ടുണ്ട്. ഇതേ തുടർന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിപ്പിച്ചു. ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. രണ്ട് വർഷമായി ബ്രെവാർഡ് ആശുപത്രിയിലായിരുന്നു ജോലി.
