സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; കേരളത്തിൽ ആദ്യമായി ഇത്രയേറെ കേസുകൾ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്.

വിദേശത്തു നിന്നു വന്ന 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലം. ഇതുവരെ 738 പേർക്ക് രോഗം. അതിൽ 216 പേർ ചികിത്സയിൽ. 84258 പേർ നിരീക്ഷണത്തിൽ. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 39 പേര്‍.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം  732 ആയി.  216 പേര്‍ ചികിൽസയിലുണ്ട്. 84258  പേർ നിരീക്ഷണത്തിലുണ്ട്. 83649 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 49535 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

ഇന്നു രോഗം ബാധിച്ച  21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയിൽനിന്നും വന്ന ഓരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന 17 പേർക്കാണ് കോവിഡ് പോസിറ്റീവായത്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. കോഴിക്കോട് ആരോഗ്യപ്രവർത്തകകയ്ക്ക്‌ രോഗം സ്ഥിരീകരിച്ചു.

പാലക്കാട് 24, കാസർകോട് 21, കോഴിക്കോട് 19 എന്നിങ്ങനെയാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 28 ഹോട്സ്പോട്ടുകൾ. 82299 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നു. വിദേശത്തുനിന്നു വന്നവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്റീനിലാണ്.

ഇന്ന് വൈറസ്് ബാധിതരിൽ ഉണ്ടായ വർധന വളരെയധികം ആശങ്കയുയർത്തുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ച് നിസഹായത പ്രകടിപ്പിക്കില്ല. ലോക്ഡൗൺ നിയന്ത്രണങ്ങവിൽ ഇളവു വരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചതിനാൽ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികളെയും വയോജനങ്ങളെയിമായി പുറത്തിറങ്ങരുത്. റിവേഴ്സ് ക്വാറന്റീൻ നിർദേശിക്കുന്നത് കുട്ടികളിലും വയോജനങ്ങളിലും രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ്. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഇതു സംബന്ധിച്ച് മർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി.

വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം. ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് നിർബന്ധമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടൻ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും.

തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ആരോഗ്യചിട്ടകൾ അടങ്ങിയ നിർദേശങ്ങളും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർേദശം നൽകി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാസ്കുകൾ എൻഎസ്എസ് വഴി വിതരണം ചെയ്യും.

Exit mobile version