ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാണ് പ്രവാസി ലീഗൽ സെൽ ഹർജ്ജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങളും സൈനിക കപ്പലുകളും വ്യഴാഴ്ച്ച മുതൽ രാജ്യത്ത് എത്തിതുടങ്ങും.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാലും, കോവിഡിനെ തുടർന്ന് രാജ്യങ്ങൾ പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിനാലും മാസങ്ങൾക്ക് മുൻപ്തന്നെ ജോലി നഷ്ട്ടപ്പെട്ട് വിദേശത്ത് കഷ്ടത അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച് വിമാന ടിക്കറ്റിന് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തുക നൽകി നാട്ടിലേക്ക് തിരിച്ചുവരുന്നത് നിലവിൽ സാധ്യമല്ല.
ഈ സാഹചര്യത്തിലാണ് വിദേശത്ത് കുടുങ്ങി കിടക്കുന്ന നിർധനരായ ഇന്ത്യൻ പ്രവാസികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി നൽകിയത്.
അടിയന്തര ഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009-ൽ കേന്ദ്ര സർക്കാർ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന് രൂപം നൽകിയത്. നിരാലംബരായ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ്, ജയിലുകളിലും മറ്റും കഴിയുന്നവർക്ക് നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവർക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ
സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ തുടങ്ങിയവക്കാണ് ഈ ഫണ്ട് വഴി സഹായം നൽകി വരുന്നത്. ഇന്ത്യൻ എംബസികളുടെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നതിനുവേണ്ടി പ്രവാസി ഇന്ത്യക്കാർ നൽകുന്ന പണത്തിൽ നിന്ന് വക നീക്കിയാണ് ഈ ഫണ്ട് കണ്ടെത്തുന്നത്.
പ്രവാസികൾക്ക് അനുകൂല നിലപാടു സർക്കാരിൽ നിന്ന് ലഭിക്കുന്നതിനായുള്ള നടപടികൾ തുടരുമെന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.