ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.; ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ ജില്ലാ തലത്തിൽ ഒന്നാമത്

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബുകളുടെ 2026 വർഷത്തെ സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു.

ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ, ചിങ്ങവനം എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ എന്നീ വിദ്യാലയങ്ങൾ ജില്ലാ തലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി ചങ്ങനാശേരി സെന്റ ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ (ചങ്ങനാശേരി ഉപജില്ല), വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂൾ (ഏറ്റുമാനൂർ ഉപജില്ല), കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ (കാഞ്ഞിരപ്പള്ളി ഉപജില്ല), നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂൾ (കറുകച്ചാൽ ഉപജില്ല), കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ (കോട്ടയം ഈസ്റ്റ് ഉപജില്ല), ഞീഴൂർ വി.ബി.എസ്.എൻ ഹയർ സെക്കന്ററി സ്കൂൾ (കുറവിലങ്ങാട് ഉപജില്ല), പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ (പാലാ ഉപജില്ല), പങ്ങട എസ്.എച്ച് ഹൈസ്കൂൾ (പാമ്പാടി ഉപജില്ല), കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ (രാമപുരം ഉപജില്ല), ബ്രഹ്മമംഗലം എച്ച് എസ് എസ് & വി എച്ച് എസ് എസ് (വൈക്കം ഉപജില്ല) എന്നീ വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.

എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ജില്ലാതല വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി. ഷാനിമോൾ ഉസ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത് ബാബു ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. സ്നേഹിൽകുമാർ സിംഗ് ഐ എ എസ്, കൈറ്റ് സി ഇ ഒ കെ. അൻവർസാദത്ത് എന്നിവർ പങ്കെടുത്തു.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകൾക്ക് വിതരണം ചെയ്തു.

Exit mobile version