ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍

മലപ്പുറം: പാലക്കാട് മണ്ണാര്‍ക്കാട് നടന്ന അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് കെ ടി ജലീല്‍. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് ചെവിയില്‍ പിടിച്ചതെന്നും കെ ടി ജലീല്‍ പഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല. കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ല. ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് പറഞ്ഞാല്‍ നൂറുവട്ടം ക്ഷമചോദിക്കാന്‍ തയ്യാറാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

‘അപമാനിച്ചതായി തോന്നിയില്ലെന്നാണ് വിദ്യാര്‍ത്ഥികളും പറഞ്ഞത്. കുട്ടികള്‍ക്ക് പൊതുവായന കുറവാണ്. അതൊരു പ്രശ്‌നമാണ്. മലയാളം ചെറുകഥ പോലും വിദ്യാര്‍ത്ഥികള്‍ വായിച്ചിട്ടില്ലെന്ന് മനസ്സിലായി. പാഠപുസ്തകം മാത്രമാണ് വായിക്കുന്നത്. ആ നിലയ്ക്കാണ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്. വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടിയില്‍ സദസ്സിനെ കൂടി പരിപാടിയുടെ ഭാഗമാക്കുന്നത് എന്റെ രീതിയാണ്’, കെ ടി ജലീല്‍ പറഞ്ഞു.

ഒരു അധ്യാപകന്‍ എങ്ങനെയാണോ അവരോട് കാര്യങ്ങള്‍ പറയുന്നത് അങ്ങനെയാണ് സംസാരിച്ചതെന്നും കെ ടി ജലീല്‍ പറഞ്ഞു. ‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേ മക്കളെ പറഞ്ഞയക്കാവൂ. അവിടെനിന്നാണ് മികച്ച വിദ്യാഭ്യാസം കിട്ടുന്നത്. കേരളം എന്നത് കാരളം എന്നെഴുതിയത് പിണറായി സര്‍ക്കാര്‍ വന്നശേഷം സ്‌കൂളില്‍ പഠിച്ച വ്യക്തിയാണോ? ഒന്‍പതിനായിരത്തി മുന്നൂറ്റിമുപ്പത്തി രണ്ട് എന്നതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്നുപറഞ്ഞയാള്‍ നമ്മുടെ ഏതെങ്കിലും സ്‌കൂളില്‍ പത്തുവർഷത്തിനുള്ളില്‍ പഠിച്ച കുട്ടിയാണോ? തൊള്ളായിരത്തിപത്ത് എന്നതിന് പകരം തൊണ്ണൂറ്റിപത്ത് എന്ന് സഭയില്‍ പറഞ്ഞ വ്യക്തി പത്തുകൊല്ലം പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും പഠിച്ചുവന്ന വ്യക്തിയാണോ’ എന്നും കെ ടി ജലീല്‍ പരിഹസിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശകമ്മീഷന്‍ കേസ് എടുത്ത് ജയിലില്‍ അടയ്ക്കട്ടെയെന്നും മുന്‍കൂര്‍ ജാമ്യത്തിന് പോകില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

 

Exit mobile version