ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സമുദ്ര മിഷന്‍, ഫിലിം സിറ്റി… ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വി ഡി സതീശന്‍ ബജറ്റ് പ്രഖ്യാപിച്ചത്. ഇന്ദിരാഗ്യാരണ്ടിയിലെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയായ ‘മിഷന്‍ സമുദ്ര’ പ്രഖ്യാപിച്ചു.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കൊണ്ടുവരും. എംഎസ്എംഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീം, വണ്‍ കേരള കരുതല്‍ മിഷന്‍, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, കേരള നോളജ് വാലി, വയനാട് ട്രൈബല്‍ സര്‍വകലാശാല തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.

 

Exit mobile version