റോപ്പ് കെട്ടാൻ മറന്നു; ബംജീ ജമ്പിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം

ബ്രസീലിയ: റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. 21കാരിയായ മരിയ എജ്യുഡാറ റോഡ്രിഗസ് ആണ് മരിച്ചത്. 130 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്. അപകടം നടക്കുമ്പോള്‍ മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു.

സാവോ പോളോയിലെ ബംജീ ജമ്പിങ് സ്‌പോട്ടിലായിരുന്നു സംഭവം. സ്‌കെലറ്റന്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് യുവതിയെ ജീവനക്കാര്‍ താഴേയ്ക്ക് എറിയുകയായിരുന്നു. ഈ സമയം റോപ്പ് ഘടിപ്പിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയെ ജീവനക്കാര്‍ എറിയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ റോപ്പ് എന്ന് വിളിച്ച് പറയുന്നത് കേള്‍ക്കാം. ഉടന്‍ തന്നെ പൊലീസ് അടക്കമുള്ള ആളുകള്‍ സ്ഥലത്തെത്തി. ഈ സമയം യുവതി മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സാഹസിക വിനോദം സംഘടിപ്പിച്ചവര്‍ക്കതിരെ കടുത്ത ക്രിമിനല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version