വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. 3500 അമേരിക്കൻ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിയത്. യുഎസ് സൈനിക ശേഷിയുടെ പ്രധാന ഘടകമായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യൻ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാൻഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയിൽ കൂടുതൽ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക.
യുഎസ്എസ് ട്രിപ്പോലി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളെയും ഓസ്പ്രേകളയും വഹിക്കാൻ കഴിവുള്ള യുദ്ധക്കപ്പലാണിത്. കൂടാതെ യുഎസ്എസ് ബോക്സറും സാൻഡിയാഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ സംഘർഷ മേഖലയിലെത്തുമെന്ന് യുഎസ് കമാൻഡ് വ്യക്തമാക്കി. യുഎസ് കമാൻഡിൻ്റെ എക്സ് പോസ്റ്റിലാണ് ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക സൈനിക ശേഷി ശക്തിപ്പെടുത്തിയെന്ന കാര്യം അറിയിച്ചത്.
കരസേനയെ വിന്യസിക്കാതെ തന്നെ ഇറാനെ പരാജയപ്പെടുത്തുകയാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു. അമേരിക്കയുടെ സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു.
