ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അഞ്ചു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുത്തിനായി രാജ്യം സജജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനിയൊരു ഒത്തുതീര്‍പ്പ് താല്‍പര്യമില്ലെന്ന് ഇറാന്റെ നിലപാടെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഇറാന്‍- ഇറാഖ് അനുഭവപരിചയം മുന്‍നിര്‍ത്തി തങ്ങളുടെ സ്വാതന്ത്രവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണുമായി ടെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിൻ്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. ഇറാൻ നിലവിൽ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി. എന്നാൽ, അവർ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷത്തെ നേരിടാൻ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധത്തെ പരാമർശിച്ചുകൊണ്ട്, ദീർഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട് അഞ്ച് വർഷത്തേക്ക് വരെ ഈ യുദ്ധം തുടരാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സംഘർഷം ഒഴിവാക്കാൻ ഇറാൻ പലതവണ ശ്രമിച്ചതായും പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധം ഒഴിവാക്കാൻ സഹായിക്കണമെന്ന് അയൽരാജ്യങ്ങളോട് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഒരു യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. മേഖലയിൽ യുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ പലതവണ ശ്രമിച്ചു. ഈ യുദ്ധത്തിൽ നിന്ന് വിട്ടുനിൽണമെന്ന് ഞങ്ങൾ അയൽരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. കാരണം ഈ മേഖലയ്ക്ക് ഇനി ഒരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള സംഘർഷം ഇറാനിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇലാഹി മുന്നറിയിപ്പ് നൽകി. മേഖലയിലെ തടസങ്ങൾ ഊർജ്ജ വില വർധനവ് ഉൾപ്പെടെ അന്താരാഷ്ട്ര വിപണികളെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ഊർജ വിതരണത്തിനുള്ള പ്രധാന പാതയായ ഹോർമുസ് കടലിടുക്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്യാസ്, പെട്രോൾ, ഓയിൽ എന്നിവയുടെ ദൗർലഭ്യം മൂലം സംഘർഷം പല രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കുകയല്ലാതെ ഇറാന് മറ്റ് മാർഗമില്ലെന്ന നിലപാടാണ് ഇലാഹി പങ്കുവെച്ചത്. യഥാർത്ഥത്തിൽ ഈ പ്രതിസന്ധി ഇറാന് മാത്രമല്ല, അതൊരു ആഗോള പ്രതിസന്ധിയാണ്. ഈ യുദ്ധം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഞങ്ങൾക്ക് ഞങ്ങളെത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങളുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി രക്തം ചിന്താൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ജനങ്ങളുടെ ദുരിതത്തിലും ഗ്യാസ്, പെട്രോൾ എന്നിവയുടെ ദൗർലഭ്യത്തിലും ഞങ്ങൾ സന്തോഷിക്കുന്നില്ല. എന്നാൽ ഞങ്ങൾക്ക് ഞങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് മറ്റ് വഴികളില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കുമേൽ സമ്മർദം ചെലുത്താൻ ആഗോള നേതാക്കൾ ഇടപെടണമെന്ന ആവശ്യവും ഇലാഹി മുന്നോട്ടുവെച്ചു.
