ഹോർമുസ് കടലിടുക്കിലെ മൈനുകൾ ഉടൻ നീക്കണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം, സൂക്ഷിച്ചോളൂ’; ഇറാന് ട്രംപിന്റെ ഭീഷണി

വാഷിംങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കണമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ മൈനുകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. എത്രയും വേഗം മൈനുകൾ എടുത്തുമാറ്റണമെന്നും ഇല്ലെങ്കിൽ സമാനതകളില്ലാത്ത സൈനിക നീക്കം നേരിടേണ്ടിവരുമെന്നുമാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്

‘ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹോർമുസിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യണം. അവ സ്ഥാപിക്കുകയോ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം കടുത്ത സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. മൈനുകൾ അവർ നീക്കം ചെയ്യുകയാണെങ്കിൽ അത് ശരിയായ ചുവടുവെപ്പായിരിക്കും’, ട്രംപ് പറഞ്ഞു.

കരീബിയൻ കടൽ മേഖലയിൽ മയക്കുമരുന്ന് കടത്തുകാരുടെ ബോട്ടുകൾ തകർക്കാനായി വിന്യസിച്ചിരിക്കുന്ന അതേ സംവിധാനങ്ങൾ തന്നെ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കും ബോട്ടുകൾക്കും നേരെ പ്രയോഗിക്കും. അത് വളരെ ക്രൂരമായിരിക്കും, സൂക്ഷിച്ചോളൂ എന്നും ട്രംപ് ഭീഷണി മുഴക്കി.

ഇറാൻ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇന്റലിജൻസ് റിപ്പോർട്ടിങുമായി ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. അതേസമയം ഹോർമുസിൽ ഇറാന്റെ പടക്കപ്പലുകൾ തകർത്തതായി യുഎസ് അവകാശവാദം ഉന്നയിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഹോർമൂസിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകൾ തകർത്തെന്ന് ട്രംപ് അറിയിച്ചു.

Exit mobile version