ടെഹ്‌റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍
ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന വാദവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. എന്നാല്‍ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകള്‍ക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം, ഇറാനെതിരായ ആക്രമണത്തിനിടെ മൂന്ന് സെെനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇറാനില്‍ ആക്രമണം ശക്തമായി തുടരുകയാണ് ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ തകര്‍ക്കുമെന്നാണ് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത്. ആക്രമണം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുമുണ്ട്. കരാജ് നഗരത്തിലും സ്‌ഫോടനം നടക്കുന്നുണ്ട് എന്നാണ് വിവരം.
