ഡൽഹി: അമേരിക്കയുടെ സൈനിക നടപടിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഏകദേശം അഞ്ചു മണിക്കൂർ അടച്ചിട്ടതിന് ശേഷം ഇറാൻ വ്യോമാതിർത്തി വീണ്ടും തുറന്നു. വ്യാഴാഴ്ച പുലർച്ചെ മുതലായിരുന്നു ഇറാനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങൾക്കും രാജ്യം വ്യോമാതിർത്തി അടച്ചത്.
വ്യോമാതിർത്തി അടച്ചത് എയർ ഇന്ത്യയും ഇൻഡിഗോയും അടക്കം നിരവധി വിമാനക്കമ്പനികളെ ബാധിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊമേഴ്‌സ്യൽ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഉടൻ മടങ്ങാനാണ് ബുധനാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ എംബസി ആവശ്യപ്പെട്ടത്.
വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദ്ദേശം ബാധകമാണ്. നിലവിൽ ഏകദേശം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് എംബസിയുടെ കണക്ക്. ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ സുരക്ഷാ നീക്കം.
