വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം’; ആശങ്കയറിയിച്ച് മാര്‍പാപ്പ

വത്തിക്കാന്‍: വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. എക്സിലായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.

വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

‘വെനസ്വേലയിലെ സംഭവവികാസങ്ങള്‍ ഞാന്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്. പ്രിയപ്പെട്ട വെനസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനില്‍ക്കണം. ഇത് അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകള്‍ പിന്തുടരുന്നതിലേക്കും നയിക്കണം. ഇതിനെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും കാര്‍മെന്‍ റെന്‍ഡില്‍സിന്റെയും മധ്യസ്ഥതയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു’ എന്നായിരുന്നു മാര്‍പാപ്പ കുറിച്ചത്.

അക്രമത്തിന്റെ പാത വെടിഞ്ഞ് നീതിയുടേയും സമാധാനത്തിന്റേയും വഴികളിലേക്ക് തിരിയുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Exit mobile version