ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ യുവജന നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു. ഇൻഖിലാബ് മഞ്ച് വക്താവ് കൂടിയായ ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ ധാക്കയിൽ വ്യാപക സംഘർഷമാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച അജ്ഞാതരുടെ വെടിയേറ്റ ഹാദി, സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.
മരണവാർത്തയറിഞ്ഞ് ഇൻഖിലാബ് മഞ്ച് പ്രവർത്തകരും വിദ്യാർത്ഥികളും ധാക്കയിലെ ഷാബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തടിച്ചുകൂടി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ആഭ്യന്തര ഉപദേഷ്ടാവ് റിട്ട. ലഫ്റ്റനന്റ് ജനറൽ ജഹാംഗീർ ആലം ചൗധരിയുടെ കോലം വിദ്യാർത്ഥികൾ കത്തിക്കുകയും, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.
പ്രതിഷേധത്തിനിടെ, പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രഥം അലോയുടെ ധാക്കയിലെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചുതകർക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണസമയത്ത് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു.
അതേസമയമ, ഹാദിയുടെ മരണത്തിൽ ഇടക്കാസ സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് ദുഃഖം രേഖപ്പെടുത്തി. ഹാദിയെ വിപ്ലവത്തിന്റെ നിർഭയനായ പോരാളി എന്നാണ് യൂനുസ് വിശേഷിപ്പിച്ചത്. ഹാദിയോടുള്ള ആദരസൂചകമായി ശനിയാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഹാദിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും ഉറപ്പുനൽകിയ യൂനുസ്, ജനങ്ങളോട് സമാധാനം പാലിക്കാനും അഭ്യർത്ഥിച്ചു.
