വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി നന്നായി പ്രവര്‍ത്തിക്കുന്തോറും താന്‍ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയത്തെയും ട്രംപ് പ്രശംസിച്ചു. ഓവൽ ഓഫീസിൽ വെച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
‘ഞങ്ങള്‍ യോഗം കൂടി. ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇത്. നമ്മള്‍ ഇഷ്ടപ്പെടുന്ന മികച്ച രീതിയിൽ നയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വീടിനെക്കുറിച്ചും വീട് നിര്‍മിക്കുന്നതിനെ കുറിച്ചും ഭക്ഷണത്തിന്റെ വിലക്കയറ്റത്തിനെ കുറിച്ചുമെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തു’, ട്രംപ് പറഞ്ഞു. മംദാനി മികച്ച മേയറാണെന്നും ട്രംപ് പ്രശംസിച്ചു. തന്റെ വോട്ടര്‍മാര്‍ പോലും മംദാനിയെ പിന്തുണച്ചെന്നും അതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ട്രംപ് പറഞ്ഞു.
മംദാനിയെ മേയറായി തെരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇതില്‍ നിന്നും പിന്നോട്ട് പോകുന്നതായി ട്രംപ് പറഞ്ഞു. താന്‍ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാനല്ലെന്നും ട്രംപ് പറഞ്ഞു. മംദാനിക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ്-മംദാനി കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ നിന്നും
അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ന്യൂയോര്‍ക്ക് സിറ്റിയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകളിലായിരുന്നു ചര്‍ച്ച കേന്ദ്രീകരിച്ചതെന്നും മംദാനി പറഞ്ഞു. ‘അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരമായ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഭക്ഷണം എത്തിച്ച് നല്‍കേണ്ടതുണ്ട്. വാടക, നിത്യസാധനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു’, മംദാനി പറഞ്ഞു.
ന്യൂയോര്‍ക്ക് സിറ്റി ട്രംപിനെ സ്‌നേഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മംദാനി മറുപടി നല്‍കി. ജീവിതച്ചെലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്ത നിരവധി ന്യൂയോര്‍ക്ക് ജനങ്ങളുണ്ടെന്ന് തനിക്ക് അറിയാം. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില ഏര്‍പ്പെടുത്താനുള്ള അജണ്ടയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മംദാനി പറഞ്ഞു. വിയോജിക്കാന്‍ ഒരുപാട് കാര്യമുണ്ടെങ്കിലും ന്യൂയോര്‍ക്കുകാരെ സേവിക്കുന്നതിനുള്ള പൊതുവായ കാര്യങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മംദാനി പറഞ്ഞു.
ട്രംപിനെ നേരത്തെ ഫാസിസ്റ്റ് എന്ന് വിളിച്ച മംദാനിയുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് മംദാനി മറുപടി പറയാനിരിക്കെ ഇടയില്‍ കയറി അത് അങ്ങനെ തന്നെയാണെന്ന് പറയാമെന്ന് ട്രംപ് പറഞ്ഞു. തുടര്‍ന്ന് അതെ എന്നായിരുന്നു മംദാനിയുടെ ഉത്തരം. പരസ്പരം ഏറെ വിമര്‍ശിച്ചിരുന്ന നേതാക്കളായിരുന്നു മംദാനിയും ട്രംപും. മംദാനി ന്യൂയോര്‍ക്കിന്റ മേയറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്നത്.
