വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

അതേസമയം ആര്‍എസ്എസിന്‍റെ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും രംഗത്തെത്തി. വിവാദങ്ങള്‍ മൈന്‍ഡ് ചെയ്യേണ്ടെന്നും തീവ്രവാദ ഗാനമല്ലല്ലോ ചൊല്ലിയത് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഐഎം ശ്രമമാണ് ഗണഗീതം വിവാദമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ലെന്നും ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? എന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.

കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ലെന്നും ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. ‘എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version