ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊനേസി. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാരിസയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ലാരിസ എത്തിയത്.
ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടല്‍ ലാരിസ പ്രകടിപ്പിച്ചു. ഉപയോഗിച്ചത് തന്റെ പഴയ ചിത്രമാണെന്നും അന്ന് താന്‍ ചെറുപ്പക്കാരിയായിരുന്നെന്നും ലാരിസ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ‘എന്റെ ആ പഴയ ചിത്രം അവര്‍ ഇന്ത്യയില്‍ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരടിക്കാന്‍ അവര്‍ എന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ..’ ലാരിസ പറഞ്ഞു.
ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹരിയാനയില്‍ നടന്ന വോട്ട് കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചിരുന്നു. സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി 22 ഇടങ്ങളിലാണ് ലാരിസയുടെ ചിത്രം ഉപയോഗിക്കപ്പെട്ടത്. ഓപ്പറേഷന്‍ വോട്ട് ചോരി അല്ലെങ്കില്‍ ‘എച്ച് ഫയല്‍സ്’ എന്ന പേരില്‍ നടത്തിയ അവതരണത്തിലാണ് രാഹുല്‍ ഗാന്ധി ഹരിയാനയിലുണ്ടായ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ മാസങ്ങളില്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ചില മണ്ഡലങ്ങളിലെ വോട്ടുകൊള്ളയായിരുന്നു രാഹുല്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഒരു സംസ്ഥാനത്ത് മുഴുവന്‍ നടത്തിയ വോട്ടുകൊള്ളയാണ് രാഹുല്‍ ചൂ ണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ എന്നിവരെ പേരെടുത്തു പറഞ്ഞ് ഇവര്‍ ഒത്തുചേര്‍ന്നുള്ള തട്ടിപ്പാണിതെന്നായിരുന്നു രാഹുല്‍ ആരോപിച്ചത്. ബിഹാറിലും ഇതുതന്നെ സംഭവിക്കുമെന്നും കണക്കുകള്‍ ലഭ്യമായാലുടന്‍ അതും പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞാണ് രാഹുല്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. എന്നാല്‍, വോട്ടെടുപ്പിനു മുന്‍പേ രാഹുല്‍ ബിഹാറിലെ പരാജയം സമ്മതിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
