ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു

ന്യൂയോർക്ക് ∙ ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ് ആശങ്ക. ഇതിൽ നാലു ലക്ഷത്തിലേറെപ്പേർ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങളിലാണ്. മരണസംഖ്യയിൽ ഫ്രാൻസും ചൈനയെ മറികടന്നു. ഇറാനിലെ മരണസംഖ്യ ചൈനയുടെ തൊട്ടടുത്തെത്തി. ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളിൽ ചൈന അഞ്ചാമതായി.

യുഎസിൽ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം ജാഗ്രതയിലും ആശങ്കയിലുമാണ്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ തന്നെ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്; നടപടികൾ പരാജയപ്പെട്ടാൽ മരണം 15–22 ലക്ഷം ആകുമെന്നാണ് വൈറ്റ്ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ധ ഡോ. ഡെബറ ബേർക്സ് നൽകിയ മുന്നറിയിപ്പ്.

Exit mobile version