ന്യൂയോർക്ക്: ഇന്ത്യയ്ക്കുമേൽ 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഉയർന്ന താരിഫ് ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നിറിയിപ്പ് നൽകിയിരുന്നു. ഈ സമയപരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘ഇന്ത്യ എക്കാലത്തും ഭൂരിഭാഗം സൈനിക ഉപകരണങ്ങളും വാങ്ങിയിട്ടുള്ള റഷ്യയിൽ നിന്നാണ്. ഉക്രെയ്നിലെ കൊലപാതകങ്ങൾ റഷ്യ അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സമയത്ത്, ചൈനയ്‌ക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതും ഇന്ത്യയാണ്,’ ട്രംപ് പറഞ്ഞു.
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുമായി വര്‍ഷങ്ങളായി താരതമ്യേന കുറഞ്ഞ വ്യാപാരമാണ് നമുക്കുള്ളതെന്നും ഇന്ത്യയുടെ തീരുവകൾ വളരെ ഉയര്‍ന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളിൽ ഒന്നാണിതെന്നും ലോകത്ത് വെച്ച് ഏറ്റവും കഠിനവും അരോചകവുമായ ധനരഹിത വ്യാപാര തടസ്സങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്നും ട്രംപ് കുറിച്ചു.
അതേസമയം, 25 ശതമാനം തീരുവയ്ക്കു പുറമേ ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച പിഴ എന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വ്യാപാരകരാറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അമേരിക്കയുമായി സജീവ ചർച്ചകൾ നടത്തിവരികയായിരുന്നു എന്നാണ് വിവരം. ഏതുനിമിഷവും ട്രംപിന്റെ ഉയർന്ന താരിഫുകൾ കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ, ഇന്ത്യക്ക് പുറമെ മറ്റു ലോകരാജ്യങ്ങൾക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ശതമാനം നികുതിക്ക് പകരം 15-20 ശതമാനമായി നികുതി നൽകേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എല്ലാവരുമായി രമ്യതയിൽ പോകാനാണ് തനിക്ക് ഇഷ്ടമെന്നും അമേരിക്കയുമായി ബിസിനസ് ചെയ്യാൻ താത്പര്യമില്ലാത്തവർക്കുള്ള നികുതിയാണിതെന്നുമാണ് ട്രംപ് പറഞ്ഞത്.
