കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെ തടഞ്ഞത് അപൂർവ വജ്രക്കല്ല്; വിലകേട്ട് ഞെട്ടി വീട്ടമ്മ

ഭോപാൽ: ദരിദ്രയായ വീട്ടമ്മയെ വജ്രക്കല്ല് നൽകി ഞെട്ടിച്ച് ഭാഗ്യദേവത. കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെ ലഭിച്ച വജ്രക്കല്ലാണ് വീട്ടമ്മയ്ക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. അധികൃതരുടെ പക്കൽ നിന്നും തനിക്ക് ലഭിച്ച വജ്രക്കല്ലിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജെൻഡ ബായ് എന്ന സ്ത്രീ.

വജ്ര ഖനികൾക്ക് പേരുകേട്ട മധ്യപ്രദേശിലെബുന്ദേൽഖണ്ഡ് മേഖലയിലെ പന്ന ജില്ലയിൽനിന്നാണ് ഈ വാർത്ത. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ് പന്ന ജില്ല. ഇവിടയുള്ളവർ മിക്കവരും തൊഴിലാളികളാണ്.

കാട്ടിൽ നിന്നും ശേഖരിക്കുന്ന വിറക് വിറ്റും കൂലിപ്പണിയെടുത്തും വീട് പുലർത്തുന്ന ജെൻഡ ബായിക്ക് കാട്ടിൽവെച്ച് വജ്രക്കല്ല് ലഭിച്ചതോടെയാണ് ജീവിതം മാറി മറിഞ്ഞിരിക്കുന്നത്. ലഭിച്ച കല്ലിന്റെ തിളക്കത്തിൽ നിന്നും വിലയേറിയ കല്ലാണെന്ന് തോന്നിയതോടെ അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 4.39 കാരറ്റ് വജ്രമാണിതെന്ന് കണ്ടെത്തുകയായിരുന്നു.

വജ്രത്തിന് 20 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വജ്രം ലേലം ചെയ്യുമെന്നും സർക്കാറിന്റെ റോയൽറ്റിയും നികുതിയും കിഴിച്ച് വരുമാനം യുവതിക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ജൻഡാ ബായിക്ക്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക വീട് നിർമാണത്തിനും പെൺമക്കളുടെ വിവാഹത്തിനും ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് ജെൻഡ ബായ് പറഞ്ഞു.

Exit mobile version