ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ല; ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ല, മന്ത്രി സ്മൃതി ഇറാനി

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍. ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും, ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രം പറഞ്ഞു. ന്യൂനപക്ഷകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സ്മൃതി ഇറാനിയാണ് മറുപടി നല്‍കിയത്.

അടുത്ത കാലത്തായി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുമായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിയുടെ ചോദ്യം. ന്യൂനപക്ഷങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായിട്ടുള്ള ആക്രമണങ്ങളുടെ വിവരങ്ങല്‍ കേന്ദ്രത്തിന്റെ പക്കലുണ്ടോയെന്നും, ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും അബ്ദുള്‍ വഹാബ് ചോദിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് ഇവ സംസ്ഥാന വിഷയങ്ങളാണെന്ന് എഴുതി തയ്യാറാക്കിയ മറുപടിയില്‍ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ക്രമസമാധാന പാലനം, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും എതിരായ കുറ്റകൃത്യങ്ങളുടെ രജിസ്ട്രേഷന്‍, പ്രോസിക്യൂഷന്‍ എന്നിവയുടെ ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ഇതുപോലെ ഒരു പ്രത്യേക സമുദായത്തിനെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളും കേന്ദ്രം സൂക്ഷിക്കാറില്ലെന്നും മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ ആഭ്യന്തര സുരക്ഷയും ക്രമസമാധാന നിലയും നിരീക്ഷിക്കുന്നതിനും, പൊതുസമാധാനം, സാമുദായിക ഐക്യം എന്നിവ നിലനിര്‍ത്തുന്നതിനും ഉചിതമായ ഉപദേശങ്ങള്‍ കേന്ദ്രം നല്‍കുന്നുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

 

Exit mobile version