റോഡില്‍ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി; പൊലീസ് അറസ്റ്റ് ചെയ്തു നീക്കി, എഐസിസി ആസ്ഥാനത്ത് എംപിമാരുടെ പ്രതിഷേധം

സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍. വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി രാജ ഭരണമാണ് നടത്തുന്നതെന്നും അറസ്റ്റിനിടെ രാഹുല്‍ പ്രതികരിച്ചു.

രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന് എംപിമാര്‍ എത്തി. തുടര്‍ന്ന് പൊലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രമ്യ ഹരിദാസ് എംപിയെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. വിജയ് ചൗക്കില്‍ സംഘര്‍ഷ സാഹചര്യമാണ് ഉള്ളത്. കോണ്‍ഗ്രസ് എംപിമാരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്‍, വി കെ ശ്രീകണ്ഠന്‍, ആന്റ്‌റോ ആന്റണി, എംകെ രാഘവന്‍,ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരെ കിംഗ്‌സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്. രാവിലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്. ഇഡി ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് പ്രവത്തകരും വിജയ് ചൗക്കില്‍ എംപിമാരും പ്രതിഷേധിക്കുകയാണ്.

അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കാസര്‍ഗോട്ടും പാലക്കാട്ടും കോട്ടയത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. എഐസിസി ആസ്ഥാനത്ത് കറുത്ത ബലൂണുകളുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പാളത്തില്‍ ഇറങ്ങി ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

Exit mobile version