മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം; കുറയുന്നത് 70 ശതമാനം വരെ

രാജ്യത്ത് ചില മരുന്നുകളുടെ വില കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില 70% വരെ കുറയ്ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അവശ്യ വിഭാഗത്തില്‍ പെടുന്ന മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്.

ജൂലൈ 22ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് മരുന്നുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. രാജ്യത്തെ പ്രധാന മരുന്ന് നിര്‍മാണ കമ്പനി ഉടമകളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് അസുഖങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ആണ് 70% വരെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

അവശ്യ മരുന്നുകളുടെ പട്ടിക വിപുലീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൂടുതല്‍ മരുന്നുകള്‍ 2015ല്‍ രൂപീകരിച്ച ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വഴി ഇവയുടെ വില നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. നിലവില്‍ 355 ഇന മരുന്നുകളാണ് ഈ പട്ടികയില്‍ ഉള്ളത്. ദീര്‍ഘകാലം രോഗികള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകളുടെ ലാഭം ക്രമപ്പെടുത്തുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

 

Exit mobile version