ദ്രൗപതി മുര്‍മ്മുവിന്റെ സത്യപ്രതിജ്ഞ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദ്രൗപതി മുര്‍മ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലു കൂടി. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മ്മു നാളെ സത്യവാചകം ചെല്ലും. ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ദ്രൗപതി മുര്‍മ്മു. പരമ്പരാഗത രീതിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം പുതിയ രാഷ്ട്രപതിക്ക് ചൊല്ലി നല്‍കും. രാവിലെ 10 15നാണ് സത്യപ്രതിജ്ഞ ചടങ്ങ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമാകും. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പുതിയ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

 

Exit mobile version