കറുപ്പ് വസ്ത്രമണിഞ്ഞ്, കറുപ്പ് ബലൂണുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം’; കരിങ്കൊടി കണ്ടാല്‍ ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ മുഖ്യമന്ത്രി, അദ്ദേഹം പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥ; പരിഹസിച്ച് ഷാഫി പറമ്പില്‍

പാലക്കാട് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞ്, കറുപ്പ് ബലൂണുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തിയത്. പൊതുപരിപാടികളില്‍ കനത്ത സുരക്ഷയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍ രംഗത്തെത്തി.

രണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ 750 പൊലീസുകാരുമായി എത്തി വിരട്ടേണ്ട, പിപ്പിടി വിദ്യ കാണിക്കേണ്ട എന്ന് പറയാതിരിക്കാനുള്ള മാന്യത മുഖ്യമന്ത്രി കാണിക്കണമെന്നായിരുന്നു ഷാഫിയുടെ പരിഹാസം. കരിങ്കൊടി വീശമ്പോഴേക്ക് ഉടഞ്ഞ് പോകുന്ന വിഗ്രഹമാണോ പിണറായി വിജയനെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന്‍ രാജാവായി ഭരിക്കുകയാണ്. അദ്ദേഹം പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. കരിങ്കൊടി പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയാല്‍ സമരങ്ങള്‍ കരിഞ്ഞ് പോകുമെന്ന് കരുതണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പൊതു ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരു ബാധ്യതയായി മാറി. കാക്കക്കും, ആനക്കും പോലും മുഖ്യമന്ത്രി ബാധ്യതയാണ്. പൊലീസും, ബാരികോഡും വെച്ചിട്ട് വിരട്ടല്‍ ഇങ്ങോട്ട് വേണ്ട എന്ന തള്ളലെങ്കിലും മുഖ്യമന്ത്രി അവസാനിപ്പിക്കണം. ശരി തമ്പ്രാ എന്ന് പറഞ്ഞ് ഓച്ചാനിച്ച് നില്‍ക്കാന്‍ ഇത് രാജഭരണമൊന്നുമല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

അതീവ സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്. മലപ്പുറത്ത് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി. തൃശൂരില്‍ നിന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. വഴികളടച്ചാണ് മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ഒരുക്കിയത്.

കുറ്റിപ്പുറം മിനി പമ്പയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അടുത്ത പരിപാടിക്കായി മുഖ്യമന്ത്രി പുത്തനത്താണിയിലേക്ക് തിരിച്ചു.

അതിനിടെ കറുത്ത മാസ്‌ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തി. കറുത്ത മാസ്‌കും ഷര്‍ട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് ചോദിച്ച ജയരാജന്‍, മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ ലക്ഷ്യമിടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ജയരാജന്‍ പറഞ്ഞു.

 

Exit mobile version