മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.

ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിയന്ത്രണമുണ്ട്.കര്‍ണാടക തീരത്ത് 11-ാം തിയതി മുതല്‍ 13-ാം തിയതി വരെയും 15നും മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 15നാണ് വിലക്കുള്ളത്. കേരള- ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തില്‍ കാലവര്‍ഷത്തില്‍ 61 ശതമാനം കുറവുണ്ട്. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ മഴയുടെ അളവില്‍ 85ശതമാനം കുറവുണ്ട്. 182.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലിമീറ്റര്‍ മാത്രമാണ്.

 

Exit mobile version