കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി ഫണ്ട് വിവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജില്ലാ നേതൃയോഗം; കോടിയേരി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും, ഒരു കോടിയോളം രൂപയുടെ ക്രമക്കേട് ഉണ്ടായെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍

കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി ഫണ്ട് വിവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജില്ലാ നേതൃയോഗം ചേരും. ആരോപണത്തില്‍ ടി.ഐ മധുസൂദനന്‍ എംഎല്‍എ അടക്കം ആറുപേര്‍ക്ക് പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. നേതാക്കളുടെ വിശദീകരണം യോഗം പരിശോധിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എം.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മറുപടി തൃപ്തികരമല്ലങ്കില്‍ നേതാക്കള്‍ക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പയ്യന്നൂരിലെ നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ നേതൃത്വം രണ്ട് അംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഫണ്ട് വിനിയോഗത്തില്‍ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

പിന്നാലെയാണ് സംഭവത്തില്‍ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനന്‍, ഏരിയ സെക്രട്ടറി കെ.പി മധു, ഓഫീസ് സെക്രട്ടറി കരുണാകരന്‍, ഫ്രാക്ഷന്‍ അംഗം സജീവ് എന്നിവരില്‍ നിന്നും വിശദീകരണം തേടാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഈ വിശദീകരണം ഇന്ന് ചേരുന്ന ജില്ലാ നേതൃയോഗം ചര്‍ച്ച ചെയ്യും.

ഫണ്ട് ക്രമക്കേടില്‍ നേതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചോ എന്ന ചോദ്യത്തിന് പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ മറുപടി.

 

Exit mobile version