മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ തുടരുന്നു; ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളില്‍ പങ്കെടുക്കും, കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രി മലപ്പുറത്തും കോഴിക്കോടും ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മുഖ്യമന്ത്രി കടന്നു പോകുന്ന വഴികളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

കനത്ത പൊലീസ് സുരക്ഷയില്‍ മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഒന്‍പത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

തവനൂരിലെ പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കെടി ജലീല്‍ എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയില്‍ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളില്‍ പങ്കെടുക്കും.

കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികള്‍ കഴിഞ്ഞ് ഇന്നലെ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി പൊലീസ് സേന. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പൊലീസുകാരുടെ വലയത്തില്‍ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്നലെ മുഖ്യമന്ത്രിക്കുണ്ടായത്. കോട്ടയത്തു പ്രധാന കവലകളില്‍ എല്ലാം ഗതാഗതം തടഞ്ഞ പോലീസ്, കേരള സര്‍ക്കാരിന്റെ ഒന്നാം നമ്പര്‍ കാറിന് വഴിയൊരുക്കി. കൊച്ചിയില്‍ കറുത്ത ചുരിദാര്‍ ധരിച്ച ട്രാന്‍സ്ജെന്ഡറുകളെ പൊലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോള്‍ വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.

ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതല്‍ പൊലീസ് വലയത്തിലായിരുന്നു കോട്ടയം ജില്ലയിലെ നാട്ടകത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം. സിപിഎം നേതാക്കള്‍ക്കും മാത്രമായിരുന്നു പിന്നീട് പ്രവേശനം. രാവിലെ അതിഥി മന്ദിരത്തിനു മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോട് കറുത്ത മാസ്‌ക് പോലും മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. നാട്ടകത്തു നിന്ന് നഗര മധ്യത്തിലെ മാമന്‍ മാപ്പിളള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയില്‍ ഓരോ ഇരുപത് മീറ്റര്‍ ഇടവിട്ടും പൊലീസുകാര്‍ നിലയുറപ്പിച്ചു.

കോട്ടയത്ത് നിന്ന് മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത മാസ്‌ക് ധരിച്ചെത്തിയ ചില മാധ്യമ പ്രവര്‍ത്തകരോട് അത് നീക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. പകരം നീല മാസ്‌ക് സംഘാടകര്‍ തന്നെ നല്‍കി.

 

Exit mobile version