കലാപത്തിന് ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടും; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല സര്‍ക്കാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

അക്രമവും അരാചകത്വവുമായി ആരും തെരുവില്‍ ഇറങ്ങരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപത്തിന് ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്. സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ സംസ്ഥാന വിജിലന്‍സ് മേധാവിയെ തിരക്കിട്ട് മാറ്റിയതില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

വിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നത് കൊണ്ടാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. വിജിലന്‍സ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികള്‍ക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്.

സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല പകരം സര്‍ക്കാരാണ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരില്‍ ആവര്‍ത്തിച്ചു.

സ്വര്‍ണക്കടത്ത് വിവാദം ശക്തമായി നില്‍ക്കെയാണ് വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി.

 

Exit mobile version