സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കൊച്ചിയില്‍ വെള്ളക്കെട്ട്; തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്; ഭീതി വിതച്ച് മഴ

സംസ്ഥാനത്ത് ഭീതി വിതച്ച് മഴ തകര്‍ത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി.ആര്‍ തങ്കപ്പന്‍ റോഡില്‍ 60 ലധികം വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.

അതിനിടെ, പൊരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയില്‍ മരം കടപുഴകി വീണു. പുലര്‍ച്ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഏഴു മണിയോടെ മരം മുറിച്ച് ക്രെയിന്‍ സഹായത്തോടെ എടുത്ത് മാറ്റി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതകുരുക്കുണ്ടായി.

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കോമ്പയാര്‍ പുതകില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. വീട്ടുകാരെ രക്ഷപെടുത്തി. കൊയിലാണ്ടി പൊയില്‍ക്കാവില്‍ ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ലക്ഷദ്വീപിലും ശക്തമായ മഴയെ തുടര്‍ന്ന് ജനങ്ങളുടെ യാത്ര ദുരിതത്തിലായി. നിരവധി പേര്‍ കൊച്ചിയില്‍ കുടുങ്ങി.

മഴ ശക്തമാകുമ്പോള്‍ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളില്‍ ഉരുള്‍പൊട്ടലിനും 60 ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളില്‍ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version