മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ. സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു.

വിവാദ പരാമര്‍ശം പിന്‍വലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി.

കെ സുധാകരന്‍ പറഞ്ഞത്:

ഹാലിളകിയത് ഞങ്ങള്‍ക്കല്ല. ഹാലിളകിയത് അദ്ദേഹത്തിനാണ്. വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.’

 

Exit mobile version