ദിലീപിനെ കണ്ടത് താന്‍ എഴുതിയ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായി; തനിക്ക് ദിലീപില്‍ നിന്ന് പണം ആവശ്യപ്പെടേണ്ട കാര്യമില്ല; മൊഴി നല്‍കി വൈദികന്‍

നടി അക്രമിക്കപ്പെട്ട കേസില്‍ വൈദികന്‍ വിക്ടറും ദിലീപും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിലീപും വൈദികനും തമ്മില്‍ സൗഹൃദമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിനെ കണ്ടത് താന്‍ എഴുതിയ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായാണെന്ന് വൈദികന്‍ മൊഴി നല്‍കി.

ഇന്നലെയാണ് ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്‍ വിക്ടറിനെ പൊലീസ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ വഴിയാണ് വിക്ടര്‍ ദിലീപുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം ദിലീപിന്റെ സഹോദരന്‍ അനൂപിലേക്കും, സഹോദരി ഭര്‍ത്താവിലേക്കും വളര്‍ന്നു. വിക്ടര്‍ ഏതെല്ലാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഏതെല്ലാം ഗാനങ്ങല്‍ എഴുതി തുടങ്ങിയ കാര്യങ്ങള്‍ ദിലീപ് ചോദിക്കുന്നു, വിക്ടര്‍ ഉത്തരം നല്‍കുന്നു തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദീലീപുമായിയുള്ള വീഡിയോ ചാറ്റുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ദിലീപിന്റെ ഈ സൗഹൃദം കേസിനെ സ്വാധീനിക്കാനോ, ജഡ്ജിയെ സ്വാധീനിക്കാനായി ഉപയോഗിച്ചോ എന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. തിരുവനന്തപുരം രൂപതയിലെ വൈദികനാണ് ഫാദര്‍ വിക്ടര്‍. ആലുവ ഗസ്റ്റ് ഹൗസില്‍ ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നപ്പോഴാണ് വിക്ടര്‍ ദിലീപിനെ കാണാന്‍ പോയത്. ദിലീപിന്റെ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് അഡ്വന്‍സ് റാഫി എടവനക്കാടിന് നല്‍കുന്നതിന് വേണ്ടി കാര്‍ണിവല്‍ ഗ്രൂപ്പും അവിടെ ഉണ്ടായിരുന്നുവെന്നും വിക്ടര്‍ മൊഴി നല്‍കി.

തനിക്ക് ദിലീപില്‍ നിന്ന് പണം ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും താന്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണെന്നും വൈദികന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

 

Exit mobile version