ചോര്‍ന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ‘എ ഡയറി’ രഹസ്യ രേഖയല്ല: അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്നും കോടതി

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചു.

എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു. കോടതില്‍ നിന്ന് ചോര്‍ന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ‘എ ഡയറി’ രഹസ്യ രേഖയല്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെയും സ്വാധീനിച്ചോയെന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലന്ന് കോടതി പറഞ്ഞു.

കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്ന് കോടതി മറുപടി നല്‍കി. രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളാണ്. അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നത്. കോടതിയില്‍ നിന്നും ചോര്‍ന്നത് രഹസ്യ രേഖ അല്ല. വിവരങ്ങള്‍ ചോരുന്നതിനെ സംബന്ധിച്ച് പ്രോസിക്യൂഷന് അറിവില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഈ രേഖയെ കുറിച്ച് പരിശോധിക്കാന്‍ പോലീസിനു അധികാരമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ‘പൊലീസ് പൊലീസിന്റെ പണി ചെയ്താല്‍ മതി’ എന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. പൊലീസിന് കേസ് അന്വേഷിക്കാന്‍ പവര്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. ‘കേസ് അന്വേഷിച്ചാല്‍ മാത്രം മതി, കോടതി രേഖ ചോര്‍ന്നത് പരിശോധിക്കാന്‍ കോടതി ഉണ്ട്’ എന്നായിരുന്നു ജഡ്ജിന്റെ മറുപടി. പ്രോസിക്യൂഷന്‍ ഉറക്കം നടിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. എല്ലാ കേസുകളും മെയ് ഒമ്പതാം തീയതി പരിഗണിക്കാനായി മാറ്റി.

 

Exit mobile version