രോഗി രക്ഷപ്പെട്ടില്ലെന്ന കാരണത്താല്‍ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ല; എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

Portrait an unknown male doctor holding a stethoscope behind

രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ ദേശീയ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മിഷന്‍ ഈ ആരോപണം തള്ളുകയാണ് ചെയ്തത്. ശസ്ത്രക്രിയാ സമയത്തോ തുടര്‍ പരിചരണ വേളയിലോ ഡോക്ടര്‍മാര്‍ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മിഷന്റെ നിഗമനം അപ്പീല്‍ പരിഗണിക്കവേ സുപ്രീം കോടതി അംഗീകരിച്ചു.

ചികില്‍സിച്ച ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ഭാഗത്തു നിന്നുള്ള അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നുംഒരു വലിയ തുക നഷ്ടപരിഹാരമായി വേണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കല്‍ അശ്രദ്ധയുടെ ഭാഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമ്മിഷന്‍ വിലയിരുത്തിയത്. 1996 ഫെബ്രുവരി 3നാണ് രോഗി മരിച്ചത്.

 

Exit mobile version