ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാര്‍; നാലു മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു, ആദ്യ പട്ടികയില്‍ രജപക്‌സെ കുടുംബത്തിലെ ആരുമില്ല

 

ശ്രീലങ്കയില്‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്‌സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്‌സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസിഡന്റ് ഗോട്ടോബയ രജപക്‌സെ ക്ഷണിച്ചിരുന്നു.

മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ്ര രജപക്‌സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ നടപടി. അതിനിടെ കൊളംബോയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സമരങ്ങള്‍ വ്യാപിച്ചു.

സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജിയാണ് രാജ്യത്ത് കണ്ടത്. ആദ്യം രാജിവച്ചത് കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെയാണ്. രാജ്യത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവര്‍ദ്ധനയുടെ പ്രഖ്യാപനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കര്‍ഫ്യൂ ലംഘിച്ച പ്രതിഷേധക്കാര്‍ക്കെതിരേ പൊലീസ് നടപടികളും അരങ്ങേറി.

 

 

Exit mobile version