‘വിവാഹം ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസന്‍സല്ല’; ഈ ‘നിശബ്ദതയുടെ ശബ്ദം കേള്‍ക്കേണ്ടത്’ അനിവാര്യണ്’; വൈവാഹിക ബലാത്സംഗത്തെ കുറിച്ച് കര്‍ണാടക ഹൈക്കോടതി

 

ബെംഗളൂരു: ‘വിവാഹം ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസന്‍സല്ല’, ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭര്‍ത്താവാണെങ്കിലും അത് അതിക്രമം തന്നെയാണ്’. വൈവാഹിക ബലാത്സംഗം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കെ നിര്‍ണായകമാവുകയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഈ വിലയിരുത്തല്‍. ഭാര്യയെ ‘ലൈംഗിക അടിമ’യാക്കാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താന്‍ അനുവദിച്ചു കൊണ്ടായിരുന്നു കര്‍ണാടക ഹൈക്കോടിയുടെ സുപ്രധാന ഉത്തരവ്.

വിവാഹം എന്നത് ഒരു പ്രത്യേക പദവിയല്ല, അത് ക്രൂരമായ ഒരു മൃഗത്തെ അഴിച്ചു വിടാനുള്ള അനുമതിയായി കണാനാവില്ല. ബലാത്സംഗം ഒരു പുരുഷന് ശിക്ഷാര്‍ഹമാണെങ്കില്‍ അത് ഭര്‍ത്താവാണെങ്കിലും ബാധകമാണെന്നായിരുന്നു ബുധനാഴ്ച പുറപ്പെടുവിച്ച ഹൈക്കോടതി വിധിയിലെ പരാമര്‍ശം.

‘ഭര്‍ത്താവ് ആണെങ്കിലും, ഭാര്യയുടെ സമ്മതത്തിനു വിരുദ്ധമായി ലൈംഗികാതിക്രമം നടത്തുന്നത് ക്രൂരമായ പ്രവൃത്തിയാണ്. ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി ആക്രമിക്കുന്നത് സ്ത്രീയുടെ മാനസിക തലത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ സ്വാധീനം ചെലുത്തും. ഭര്‍ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ അന്തസിനെ മുറിവേല്‍പ്പിക്കുന്നു. അതിനാല്‍, നിയമ നിര്‍മ്മാതാക്കള്‍ ഈ ‘നിശബ്ദതയുടെ ശബ്ദം കേള്‍ക്കേണ്ടത്’ അനിവാര്യണ്’ എന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ ഭരണാധികാരികളാണെന്ന ചിന്ത ഇല്ലാതാവണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിന്തിരിപ്പന്‍ ചിന്താഗതികള്‍ തുടരുന്നതാണ് രാജ്യത്ത് വൈവാഹിക ബലാത്സംഗം സംബന്ധിച്ച കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലെന്നും കോടതി കുറ്റപ്പെടുത്തി. ‘ഒരു മനുഷ്യന്‍ ഒരു മനുഷ്യനാണ്; ഒരു പ്രവൃത്തി ഒരു പ്രവൃത്തിയാണ്; ബലാത്സംഗം ഒരു ബലാത്സംഗമാണ്, അത് ഒരു പുരുഷന്‍ സ്വന്തം ഭാര്യയില്‍ നടത്തിയാലും’ എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ജഡ്ജി ബെഞ്ചിന്റെ വിലയിരുത്തല്‍.

വൈവാഹിക ബലാത്സംഗം സംബന്ധിച്ച് നേരത്തെ ഡല്‍ഹി ഹൈക്കോടതിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. സമ്മതത്തോട് കൂടിയല്ലാതെയുള്ള ലൈംഗിക ബന്ധത്തോട് നോ പറയാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.

Exit mobile version