യുക്രൈന്‍ തലസ്ഥാന നഗരം പൂര്‍ണമായും വളഞ്ഞ് റഷ്യന്‍ സൈന്യം; കീവിലെ വ്യാപാര കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു

 

അധിനിവേശത്തിന്റെ ഇരുപത്തി ഏഴാം ദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാന നഗരമായ കീവ് നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യം വളഞ്ഞു. കീവിലെ വ്യാപാര കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്.

ഇര്‍പിന്‍ നദിയുടെ തീരത്ത് ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കീവിന്റെ വടക്കു പടിഞ്ഞാറുണ്ടായ റഷ്യന്‍ സേനാമുന്നേറ്റവും ദൃശ്യത്തിലുണ്ട്. സിറ്റോമറില്‍ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. സപറോഷ്യയില്‍ നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഖഴ്സണ്‍ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചു.

റഷ്യന്‍ നിയന്ത്രണത്തിലുള്ള ചെര്‍ണോബില്‍ ആണവ പ്ലാന്റിലെ വികിരണം അളക്കാനുള്ള സംവിധാനം പ്രവര്‍ത്തന രഹിതമായത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏറക്കുറെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ മരിയുപോള്‍ നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

അതേസമയം, ഖാര്‍ക്കീവിനടുത്ത് റഷ്യയുടെ റോക്കറ്റ് യുക്രൈന്‍ സൈന്യം വെടിവച്ചിട്ടതായി സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈനികരെ ഹൃദയശൂന്യരെന്ന് വിശേഷിപ്പിച്ച വ്ളാഡിമിര്‍ സെലന്‍സ്‌കി ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍ ആക്രമണം നടത്തുന്ന റഷ്യയുടെ നടപടി മനുഷ്യത്വ രഹിതമെന്നും സെലന്‍സ്‌കി പറഞ്ഞു.

അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തി. അമേരിക്ക- റഷ്യ ബന്ധം വിള്ളലിന്റെ വക്കിലാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

 

Exit mobile version