അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്‌ലെക്‌സുകള്‍. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജന്മനാടായ കണ്ണൂരിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കോഴിക്കോട് പാളയം ഉള്‍പ്പെടെ നഗരത്തിന്റെ വിവധ ഭാഗങ്ങളിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്ലക്സുകളില്‍ ഉള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആവശ്യമുണ്ട്. ആരാണ് സ്ഥാപിച്ചതെന്ന് വിവരമില്ല.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ശ്രീകണ്ഠപുരം, എരുവേശി ഭാഗങ്ങളിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ പരാമര്‍ശം. എന്നാല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള നേതൃത്വത്തിനെതിരെയുള്ള കുറ്റപ്പെടുത്തലിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ രംഗത്തെത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ വിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് കെസി വേണുഗോപാല്‍.