യുക്രൈന്‍ ആണവ നിലയത്തിലെ റഷ്യന്‍ ആക്രമണത്തില്‍ റേഡിയേഷന്‍ റിലീസ് ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ. യുഎനിന്റെ അറ്റോമിക് വാച്ച്ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആണവനിലയത്തിലെ തീ കെടുത്തിയിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്.
യുക്രൈന്റെ ആണവനിലയം ആക്രമിച്ചതില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോ രംഗത്തെത്തി. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ്. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാല്‍ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം ലോകനേതാക്കള്‍ അന്വേഷിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ വിളിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഖേഴ്‌സണ്‍ ടെലിവിഷന്‍ കേന്ദത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കന്‍ മേഖലകളില്‍ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്‌സണ്‍ നഗരം റഷ്യന്‍ സേന കൈയടക്കി.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. യൂറോപ്പിലെ തന്നെ ഏറ്രവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
റഷ്യ- യുക്രൈന്‍ യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈ മേഖലയില്‍ റഷ്യന്‍ വിമാനം വെടുവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെര്‍ണിവില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു.
