റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍; തകര്‍ന്നടിഞ്ഞ് റൂബിള്‍, പ്രത്യേക നിയമം പ്രാബല്യത്തില്‍

 

യുക്രെയ്‌നെ ആക്രമിക്കുന്ന റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ റഷ്യന്‍ പൗരന്‍മാര്‍ വിദേശത്തേക്ക് പണം അയക്കുന്നത് രാജ്യം വിലക്കി. കമ്പനികള്‍ കൈവശമുളള വിദേശ നാണ്യത്തിന്റെ 80% റഷ്യയില്‍ വില്‍ക്കാനും നിര്‍ദേശം ഇതിനായി പ്രത്യേക നിയമം പ്രാബല്യത്തില്‍ വന്നു.

റഷ്യന്‍ കറന്‍സി റൂബിളിന് കുത്തനെ വിലയിടിവ് തുടരുന്നു. 32 ശതമാനത്തോളമാണ് വില കുറഞ്ഞത്. ഉപരോധത്തിനു പുറകെ ആഗോള പേയ്‌മെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ പുറത്താക്കിയതാണ് റൂബിളിന് തിരിച്ചടിയായത്. അതിനിടെ നാണ്യപ്പെരുപ്പം കുറയ്ക്കാന്‍ റഷ്യ നടപടികള്‍ ആരംഭിച്ചു. അടിസ്ഥാന പലിശ നിരക്ക് ഒന്‍പതര ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി. കയറ്റുമതി കമ്പനികളുടെ വിദേശ വരുമാനത്തിന്റെ എണ്‍പതു ശതമാനം രാജ്യത്തു തന്നെ ചെലവഴിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ തകരുന്ന വിപണിയെ പിടിച്ചു നിര്‍ത്താന്‍ ഈ നടപടികള്‍ മതിയാകില്ലെന്നാണ് വിലയിരുത്തുന്നത്.

റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണവുമായി നെറ്റ്ഫ്‌ലിക്‌സും സ്‌പോട്ടിഫൈയും. പണം അടയ്ക്കാന്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല. റഷ്യന്‍ ആര്‍ടി, സ്പുട്‌നിക് സേവനങ്ങള്‍ക്ക് ‘മെറ്റ’ നിയന്ത്രണം. റഷ്യയിലേക്കുള്ള കാര്‍ ഇറക്കുമതി ജനറല്‍ മോട്ടോര്‍സ് നിരോധിച്ചു. ജോര്‍ജിയ, മൊള്‍ഡോവ രാജ്യങ്ങളില്‍ ഒഴികെ കസീനോകളില്‍ റഷ്യക്കാരെ പ്രവേശിപ്പിക്കില്ല.

ഡിസ്‌നി സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ല. പുട്ടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി, റഷ്യയില്‍ മല്‍സരങ്ങളും നടത്തില്ല. ഇന്ധനനിക്ഷേപങ്ങളില്‍ നിന്ന് ഷെല്‍, ബിപി, ഇക്വിനോര്‍ കമ്പനികള്‍ പിന്മാറി. റഷ്യയെ രാജ്യാന്തര ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല, ഹോക്കി, റഗ്ബി സംഘടനകളും റഷ്യയെ വിലക്കി. റഷ്യന്‍ ക്ലബുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുവേഫയും.

Exit mobile version