യുക്രൈന്‍ പിടിച്ചടക്കില്ല, ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ; റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം, യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ച് റഷ്യ

 

യുക്രൈന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യുഎന്‍ പൊതു സഭയില്‍ റഷ്യ. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതില്‍ ഏറെയും വ്യാജ വാര്‍ത്തകളാണ്. റഷ്യ യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ചു.

യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റഷ്യ ആരോപിച്ചു. അമേരിക്കകയ്ക്കും യുഎന്‍ പൊതുസഭയില്‍ റഷ്യയുടെ വിമര്‍ശനം ഉണ്ടായി. റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. നാറ്റോയില്‍ യുക്രൈനെയും ജോര്‍ജിയയെയും അംഗമാകാന്‍ നീക്കം നടത്തിയെന്നും യു എന്‍ പൊതുസഭയില്‍ റഷ്യ ആരോപിച്ചു.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ ഭീഷണിക്കിടെയാണ് യുക്രൈന്റെ നിര്‍ണായക നീക്കം. അപേക്ഷയില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും യുക്രൈന്‍ പുറത്തു വിട്ടു.

അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ വല്‍ദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിച്ചത്.

ഇതിനിടെ റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.

 

Exit mobile version