യുദ്ധം അഞ്ചാം നാളിലേക്ക്; യുക്രൈനില്‍ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകള്‍; 4,300 റഷ്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു; ഇന്നത്തെ ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം

 

യുക്രെയ്‌നില്‍ റഷ്യന്‍ കടന്നു കയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ ഓഫിസ് അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

യുക്രെയ്‌നില്‍ ദിവസങ്ങളായി നീളുന്ന യുദ്ധ കോലാഹലങ്ങള്‍ക്ക് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അറുതിയുണ്ടാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ബെലാറൂസ് അതിര്‍ത്തിയിലാവും ചര്‍ച്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. നാളെ നടക്കുന്ന യോഗത്തില്‍ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തില്‍ അവരുടെ നിലപാടറിയിക്കും.

തുടര്‍ച്ചയായ അഞ്ചാം ദിവസവും റഷ്യ രൂക്ഷമായ ആക്രമണം തുടരുകയാണ്. യുക്രൈന്റെ നൊവാകോഖോവ് നഗരം റഷ്യ പിടിച്ചടക്കിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് യുക്രൈന്‍ പ്രിസഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി വല്‍ദിമിര്‍ സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിനമായിരുന്നുവെന്നും യുക്രൈന്‍ പ്രസിഡന്റ് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

അതേസമയം റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. യുക്രെയ്ന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ വിമാനങ്ങള്‍ യൂണിയന്റെ വ്യോമപാതയില്‍ പറപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഫിഫ അറിയിച്ചു, ടീമിന് ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മല്‍സരിക്കാമെങ്കിലും റഷ്യന്‍ പതാകയോ ദേശീയ ഗാനമോ മല്‍സര വേദിയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

 

Exit mobile version