471 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകള്‍ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കള്‍ തകര്‍ത്തുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
നോവോഖ്തീര്‍ക്ക, സ്മോളിയാനിനോവ, സ്റ്റാനിച്ച്‌നോ ലുഹാന്‍സ്‌കോ നഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. പ്ലാവോപോളും പിഷെവിക്കും നിയന്ത്രണത്തിലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളും നഗരങ്ങളും ആക്രമിക്കില്ലെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ സൈന്യം.
സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും റഷ്യ വ്യക്തമാക്കി. ഖേര്‍സണും ബെര്‍ദ്യാന്‍സ്‌കും പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജര്‍ ജനറലുമായ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.
ഖേര്‍സണിന് സമീപമുള്ള രണ്ട് നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖേര്‍സണ്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം അതിരൂക്ഷമായിരുന്നു. തെരുവുകളില്‍ റഷ്യന്‍ ടാങ്കുകളും സാധാരണക്കാരുടെ തലയക്ക് മുകളിലൂടെ ഫൈറ്റര്‍ ജെറ്റുകളും പായുന്നതായിരുന്നു സാഹചര്യം.
റഷ്യയ്ക്ക് പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാനായില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് രണ്ട് നഗരങ്ങള്‍ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ രംഗത്തെത്തിയത്. വടക്കു കിഴക്കന്‍ യുക്രൈനിലെ ഖാര്‍കീവ് മേഖലയില്‍ യുക്രൈന്റെ സൈനിക റെജിമെന്റ് കീഴടക്കിയതായും അവിടെയുണ്ടായിരുന്ന 471 യുക്രെയ്ന്‍ സൈനികരെ പിടികൂടിയതായും കൊനാഷെങ്കോവ് പറഞ്ഞു.
അതേസമയം റഷ്യന്‍ സേന അപ്രതീക്ഷിതമായ ക്ലേശങ്ങള്‍ നേരിടുന്നതായും യുദ്ധ കവചങ്ങള്‍, വാഹനങ്ങള്‍ എന്നിവ പ്രയോഗിച്ചതില്‍ കനത്ത നഷ്ടം സംഭവിച്ചതായും യുഎസിലെ മുതിര്‍ന്ന സേനാംഗങ്ങള്‍ വിലയിരുത്തി.
