ചര്‍ച്ചയാകാമെന്ന് റഷ്യ; ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍, ആക്രമണം നേരിടുമ്പോള്‍ പറ്റില്ല; രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെയെന്ന് യുക്രെയ്ന്‍

 

യുക്രെയ്‌നുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ. എന്നാല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് യുക്രെയ്ന്‍ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. സിവിലിയന്‍ മേഖലയിലും വലിയ തോതില്‍ ആക്രമണം ഉണ്ടായി. ആബുലന്‍സുകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടെന്ന് വ്‌ലോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ബെലാറൂസിന് പകരം മറ്റു വേദികളില്‍ ചര്‍ച്ച നടത്താമെന്നും യുക്രെയ്ന്‍ നിര്‍ദേശിച്ചു.

നാലാം ദിവസവും റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയ്‌നില്‍ സ്ഥിതി കൂടുതല്‍ വഷളാകുകയാണ്. തെക്കന്‍ യുക്രെയ്‌നിലെ ഖേഴ്‌സന്‍ നഗരം റഷ്യന്‍ സേന പിടിച്ചെടുത്തു. ശക്തമായ ചെറുത്തുനില്‍പ് യുക്രെയ്ന്‍ സൈന്യം തുടരുകയാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെയെന്ന് യുക്രെയ്ന്‍ പ്രതിരോധമന്ത്രി ചോദിച്ചു.

കീവ് പിടിക്കാന്‍ ആക്രമണം റഷ്യ ശക്തമാക്കിയപ്പോള്‍ യുക്രെയ്ന്‍ തീര്‍ത്തത് ശക്തമായ പ്രതിരോധമാണ്. കൂടുതല്‍ യുക്രെയ്ന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യം കടന്നു കയറുകയാണ്. അതേസമയം, തലസ്ഥാനമായ കീവിന്റെ നിയന്ത്രണം തങ്ങള്‍ക്കു തന്നെയാണെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി.

കീവിലും കാര്‍കീവിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. വ്യോമാക്രമണവും റഷ്യ ശക്തമാക്കി. റഷ്യന്‍ സൈന്യം കരമാര്‍ഗം ഖാര്‍കീവിലേക്ക് കടന്നു. ഒഖ്തിര്‍ക്കയിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ആറ് വയസുകാരി ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടതായായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version