മോദി പുടിനുമായി സംസാരിക്കണം; യുദ്ധത്തില്‍ ഇന്ത്യ ഇടപെടണം, സഹായമഭ്യര്‍ത്ഥിച്ച് യുക്രൈന്‍

 

 

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ ഇടപെടണണെന്ന് അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇഗോര്‍ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി.

‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തനായതും എല്ലാവരും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മോദിജി പുടിനുമായി സംസാരിച്ചാല്‍ അദ്ദേഹം പ്രതികരിച്ചേക്കും’- വാര്‍ത്താ സമ്മേളനത്തില്‍ പൊലിഖ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

തുടര്‍ന്ന് യുക്രൈന്‍ തിരിച്ചടി ആരംഭിച്ചു. വിമതര്‍ക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Exit mobile version