യുദ്ധഭീഷണി നേരിടുന്ന യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ട് കൂടുതല്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം

 

യുദ്ധഭീഷണി നേരിടുന്ന യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലന്റ്സ്, ജപ്പാന്‍, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആവശ്യപ്പെട്ടത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തര വിഭാഗം ഒഴികെയുള്ള ജീവനക്കാരോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ യുഎസ് ആവശ്യപ്പെട്ടു.

യുക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. എല്ലാവിധത്തിലുള്ള മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ യുക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കി.

പൗരന്മാരെ മടക്കി കൊണ്ടു വരാന്‍ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സര്‍വീസ് വഴിയാണ്. സംഘര്‍ഷം മൂര്‍ഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താല്‍ സൈനിക വിമാനങ്ങള്‍ വഴി പൗരന്മാരെ ഉക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.

റഷ്യ- യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പൗരന്മാരെ രക്ഷിക്കുക പ്രയാസമാകുമെന്ന് അമേരിക്ക വിലയിരുത്തി. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഉക്രൈന്‍ വിട്ടുകഴിഞ്ഞു.

ശീത ഒളിമ്പിക്സ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തിന് റഷ്യ തയാറെടുക്കില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ പെട്ടെന്നുണ്ടായ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. യുദ്ധമുണ്ടായാല്‍ 25000 മുതല്‍ 50,000 പേര്‍ക്ക് വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടല്‍.

അതിനിടെ, യുഎസ് യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. ശീതയുദ്ധകാലത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷസാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊര്‍ജിതമായി.

 

Exit mobile version