ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

 

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. എല്ലാവിധത്തിലുള്ള മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ ഉക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കി.

റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടികള്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ആണ് നിര്‍ദേശം. പൗരന്മാരെ മടക്കി കൊണ്ടുവരാന്‍ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സര്‍വീസ് വഴിയാണ്. സംഘര്‍ഷം മൂര്‍ഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താല്‍ സൈനിക വിമാനങ്ങള്‍ വഴി പൗരന്മാരെ ഉക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.

പൗരന്‍മാരോട് ഉടന്‍ രാജ്യം വിടണമെന്നാണ് അമേരിക്കയും നിര്‍ദേശം. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായാല്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെയും റഷ്യയുടെയും സൈനികര്‍ പരസ്പരം വെടിവെക്കുന്നത് ലോകമഹായുദ്ധമാണെന്നും എന്നാല്‍ നമ്മളിപ്പോള്‍ ജീവിക്കുന്നത് മറ്റൊരു ലോകത്താണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. റഷ്യ അധിനിവേശം നടത്താന്‍ സാധ്യത നിലനില്‍ക്കേ തങ്ങളുടെ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ വീണ്ടും നിര്‍ദേശിച്ച് ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ തങ്ങളുടെ പൗരന്മാരോട് കിഴക്കന്‍ യൂറോപ്പിലെ യുക്രൈനില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശിച്ചത്.

കഴിഞ്ഞ ആഴ്ചയും സമാന നിര്‍ദേശം ബൈഡന്‍ നല്‍കിയിരുന്നു. ‘ഏതെങ്കിലും തീവ്രവാദ സംഘവുമായി ഏറ്റുമുട്ടുന്നത് പോലെയല്ലിത്, ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യത്തോടാണ് ഇടപെടുന്നത്. അതിനാല്‍ കാര്യങ്ങള്‍ പെട്ടെന്ന് അപകടകരമായേക്കും’ ബൈഡന്‍ പറഞ്ഞു.

ശീത ഒളിമ്പിക്സ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തിന് റഷ്യ തയാറെടുക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പെട്ടെന്നുണ്ടായ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. യുദ്ധമുണ്ടായാല്‍ 25000 മുതല്‍ 50,000 പേര്‍ക്ക് വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടല്‍.

 

Exit mobile version