ചരിത്രമുറങ്ങുന്ന കോട്ടയം ജില്ലയിലെ വിജയപുരം എന്ന നാട്; ആ പേര് ലഭിക്കുവാൻ മാങ്ങാനം, മണർകാട് എന്നീ കൊച്ചു ഗ്രാമങ്ങൾ വഹിച്ച പങ്ക്. വിജയപുരം ചരിത്രത്തിൽ ഇടം പിടിച്ചത് ഇങ്ങനെ !!

കോട്ടയം: കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിജയപുരം. കോട്ടയം ജില്ലയിലെ 73 പഞ്ചായത്തുകളിൽ പല രംഗത്തും സ്പെഷ്യൽ ഗ്രേഡ് സ്ഥാനത്തു നിൽക്കുന്ന പഞ്ചായത്ത് ആണ് വിജയപുരം ഗ്രാമ പഞ്ചായത്ത്.

കോട്ടയം പട്ടണത്തിന്റെ കിഴക്കു ഭാഗത്തു നാഗരാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തിന് കോട്ടയത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രവുമായി നല്ല ബന്ധമുണ്ട്.

ഈ പ്രദേശത്തിന് വിജയപുരം എന്ന പേരുണ്ടായതിനെ പറ്റി ആധികാരിക രേഖകളൊന്നും തന്നെയില്ല. അതിനാൽ തന്നെ വായ്മൊഴികളെയും, വരമൊഴികളെയും ആശ്രയിക്കുന്നതായിരിക്കും ഉചിതം.  ഈ വസ്തുത മുന്നിൽ കണ്ടു കൊണ്ട് നമുക്ക് വിജയപുരം എന്ന സ്ഥലത്തേക്കുള്ള പ്രയാണം ആരംഭിക്കാം. അതോടൊപ്പം തന്നെ മാങ്ങാനം, മണർകാട് എന്നീ സ്ഥലങ്ങളുടെയും ചരിത്രവും നോക്കാം.

പ്രശസ്തമായ കൈപ്പള്ളി ഇല്ലം

മാങ്ങാനം എന്ന പേരിൽ നിന്ന് തന്നെ ചരിത്രം തുടങ്ങാം.. മാങ്ങാനത്തിനു എങ്ങനെ ആ പേര് ലഭിച്ചു എന്നതിനെ പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. നിരവധി മാവുകൾ നിറഞ്ഞ സ്ഥലമായിരുന്നതിനാലും, മാങ്ങകൾ തിങ്ങി വളർന്നു ലഭിച്ചിരുന്നതിനാലും ഈ സ്ഥലത്തിന് മാങ്ങാവനം എന്ന പേര് ലഭിച്ചെന്ന് പറയപ്പെടുന്നു.. ഇത് പിന്നീട് മാങ്ങാനം എന്നായി മാറുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.  മാങ്ങാനവുമായി ബന്ധപ്പെട്ടതാണ് വിജയപുരത്തിന്റെ ചരിത്രം.

1749 ഇൽ മാർത്താണ്ഡവർമയുടെ സൈന്യവുമായി മാങ്ങാനത്തു പടച്ചിറ എന്ന സ്ഥലത്തു വെച്ച് ഉണ്ടായ യുദ്ധത്തിൽ പരാജയം നേരിട്ട തെക്കുംകൂർ സൈന്യത്തിന് മണർകാട് കവലക്ക് വടക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു വെച്ച് താൽക്കാലിക വിജയമുണ്ടായതിനാലാണ് നിരവധി ഗ്രാമങ്ങൾ കൂടി ചേർന്നുള്ള ഈ പ്രദേശത്തിന് വിജയപുരം എന്ന പേര് വന്നതെന്നുമാണ് ഐതീഹ്യം.

കോട്ടയം പട്ടണത്തിൽ പനയകഴിപ്പ് കരയിൽ അരീപ്പറമ്പ് വരെയുള്ള സ്ഥലത്തിന് പൊതുവായി നൽകിയ പേരാണ് വിജയപുരം. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽക്കേ ഈ ഭാഗം തെക്കുംകൂർ രാജവംശത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു. കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയായിരുന്നു തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനം.

അക്കാലത്തു പ്രധാന യാത്രാമാർഗം ജലമാർഗമായതിനാൽ ജനങ്ങൾ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തു താമസിക്കുവാൻ തുടങ്ങി. പിന്നീട് കരമാർഗമുള്ള റോഡുകളും മറ്റും നിലവിൽ വന്നപ്പോൾ ജനങ്ങൾ കൃഷി ആവശ്യത്തിന് കോട്ടയം ജില്ലയുടെ കിഴകോട്ടും, തെക്കോട്ടും, വടക്കോട്ടും മാറുവാൻ തുടങ്ങി. മൂന്ന് ഭാഗത്തും കൃഷി ഇറക്കിയ പഴമക്കാർക്ക് കൂടുതൽ വിളവ് ലഭിച്ചത് കിഴക്ക് ഭാഗത്തു നിന്നും ആയിരുന്നു. അതിനാൽ കാർഷിക വിജയം കൈവരിച്ച ഈ പ്രദേശത്തിന് അങ്ങനെ വിജയപുരം എന്ന് പേര് വന്നതായും മറ്റൊരു ഐതീഹ്യമുണ്ട്.

കോട്ടയം ജില്ലയിലെ വിജയപുരം വില്ലേജ് അന്ന് ഉണ്ടായിരുന്നത് കോട്ടയം പട്ടണത്തിലായിരുന്നു. പിന്നീട് ചില പ്രദേശങ്ങൾ ചേർത്ത് മുട്ടമ്പലം വില്ലേജായി രൂപീകരിച്ചു. മറ്റുള്ള സ്ഥലങ്ങൾ കൂട്ടി ചേർത്ത് വിജയപുരം വില്ലേജും അങ്ങനെ രൂപീകൃതമായി. 1953 ഇൽ ആണ് വിജയപുരം പഞ്ചായത്ത് വടവാതൂരിൽ സ്ഥാപിതമാകുന്നത്.

പഴയ വിജയപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ്

കോട്ടയത്തെ ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടയം കേന്ദ്രമായുള്ള രൂപതയ്ക്ക് വിജയപുരം രൂപത എന്നാണ് പേര് നൽകിയിരുന്നത്. കളത്തിൽ പടിയിൽ നിന്നും ഒരു കിലോമീറ്റർ മാറി ഞാറക്കൽ ഭാഗത്തു ആണ് എസ എൻ ഡി പി യൂണിയൻ 1306 നമ്പർ ശാഖാ മന്ദിരം. ഇത് വിജയപുരം ശാഖാ മന്ദിരം എന്നാണ് അറിയപ്പെടുന്നത്.

പാണ്ഡവരുടെ വനവാസകാലത്തു കൃഷ്ണഭക്തനായ അർജുനൻ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപിച്ച് ഇവിടെ താമസമാക്കിയെന്നും അർജുനൻ (വിജയൻ ) വസിച്ച സ്ഥലമായതിനാൽ ഇതിനു വിജയപുരം എന്ന പേര് വന്നതായും ഐതീഹ്യമുണ്ട്. ഇതിനു ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള പാണ്ഡവർകളരി എന്ന സ്ഥലവും, വടവാതൂർ വലിയ പാറയിൽ ഭീമന്റെ കാല്പാദം പതിഞ്ഞിട്ടുണ്ടെന്ന വിശ്വാസവും ഇന്നും വിജയപുരത്ത് നിലനിൽക്കുന്നു..

1968 മുതൽ വിജയപുരം പഞ്ചായത്തിന്റെ ആസ്ഥാനം മണർകാട് ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ അധീനതയിൽ സർപ്പാരാധന നടത്തുന്ന കാടായിരുന്നു മണർകാട്. സർപ്പ പൂജക്ക്‌ വേണ്ടി തെക്കുംകൂർ രാജാക്കന്മാർ ഇവിടെ വരാറുണ്ടായിരുന്നത്രെ. മന്നന്റെ (രാജാവിന്റെ ) അധീനതയിൽ സർപ്പ പൂജ നടന്ന കാടായതിനാൽ ഈ സ്ഥലത്തിന് “മന്നാർ” കാട് എന്ന് പേര് ലഭിച്ചു. അത് പിന്നീട് മണർകാട് ആയി മാറിയെന്നും ഐതീഹ്യമുണ്ട്. മണർകാട് കവലയുടെ പേര് നായാടിമറ്റം എന്നായിരുന്നെന്നും പഴമക്കാർ പറയുന്നുണ്ട്.

വിദ്യാഭാസ രംഗത്തും, ആതുര സേവന രംഗത്തും ക്രിസ്ത്യൻ സഭകൾ വിജയപുരത്തിനു നൽകിയ സംഭാവനകൾ വിലയേറിയതാണ്. മാങ്ങാനം മന്ദിരം ആശുപത്രി, ലേയമ്മ മെമ്മോറിയൽ നേഴ്‌സിങ് സ്‌കൂൾ, മാങ്ങാനം മുണ്ടകപ്പാടം അഗതി മന്ദിരം , മാങ്ങാനം ക്രൈസ്തവ ആശ്രമം, ബാലഗ്രാം, മാങ്ങാനം ട്രാഡ , പുതുശ്ശേരി സി എം എസ് എൽ പി സ്‌കൂൾ, മാങ്ങാനം എൽ പി സ്ക്കൂൾ, കഞ്ഞിക്കുഴി എൽ പി സ്ക്കൂൾ, പാറമ്പുഴ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മണർകാട് സെന്റ് മേരീസ് കോളേജ്, സെന്റ് മേരീസ് ആശുപത്രി, ഐ ടി ഐ, വടവാതൂർ അപ്പോസ്തോലിക സെമിനാരി, ഗിരിദീപം സ്‌കൂൾ എന്നിവയൊക്കെ ഇവയിൽ ചിലതാണ്.

മത സൗഹാർദത്തിന്റെ മഹനീയ മാതൃക പിന്തുടരുന്ന പ്രദേശമാണ് വിജയപുരം. ചരിത്ര പ്രസിദ്ധമായ മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് ധാരാളം ഹൈന്ദവരും ഭക്തിപൂർവ്വം പങ്കെടുക്കുന്നു.

വിജയപുരം എന്ന പേര് രൂപീകൃതമാകാൻ മാങ്ങാനം എന്ന കൊച്ചു ഗ്രാമം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.

കഥകളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കേരളകലാമണ്ഡലത്തിലെ പ്രശസ്തനായ മാങ്ങാനം കൊച്ചുകൃഷ്ണപിള്ള, കലാനിലയം ഗോപാലകൃഷ്ണൻ, മാങ്ങാനം രാമപ്പിഷാരടി എന്നിവർ കഥകളി രംഗത്ത് പേരെടുത്തിട്ടുള്ള അനുഗൃഹീത നടന്മാരാണ്. കഥകളി നടൻ കുറൂർ വാസുദേവൻ നമ്പൂതിരി ഈ പഞ്ചായത്തിൽ നട്ടാശ്ശേരി സ്വദേശിയാണ്.

മാങ്ങാനത്ത് പൊതിയിൽ ചാക്യാന്മാർ ക്ഷേത്രകലയായ ചാക്യാർകൂത്തിൽ പ്രശസ്തി നേടിയിട്ടുള്ളവരാണ്. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ കുഞ്ചൻനമ്പ്യാർ പൊതിയിൽ ചാക്യാന്മാരുടെ മിഴാവുകൊട്ടുകാരനായി മാങ്ങാനത്ത് താമസിച്ചതായി ഐതിഹ്യമുണ്ടെന്ന് ചിലർ പറയുന്നു.

ക്രൈസ്തവരുടെ പൌരാണിക പാരമ്പര്യകലകളായ മാർഗ്ഗംകളിയും, പരിചമുട്ടുകളിയും പരിപോഷിപ്പിച്ചതിൽ പായിക്കാട്ട് കുട്ടപ്പനാശാനും, പറമ്പുകര ആശാനും വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.

മേനാശ്ശേരിൽ കൃഷ്ണൻ വൈദ്യരുടെ മഞ്ഞപ്പിത്ത ചികിത്സാകേന്ദ്രവും മാങ്ങാനത്തിന്റെ ഒരേയൊരു പ്രത്യേകതയാണ്. ഈ വൈദ്യശാലയിൽ ഇന്ത്യ മഹാരാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും നിരവധി രോഗികൾ എത്തിയിരുന്നു. പഥ്യമില്ലാതെ ഉപ്പ് ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ഏക മഞ്ഞപ്പിത്ത ചികിത്സാ കേന്ദ്രമായിരുന്നു ഇത്.

വിജയപുരം പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം ഈ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളുടെയും, സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വിവിധ രംഗങ്ങളിൽ പ്രഗല്ഭരും പ്രശസ്തരുമായ സമുന്നത വ്യക്തികളുടെയും പ്രവർത്തന മണ്ഡലവുമായി ബന്ധപ്പെട്ടതാണെന്ന് എടുത്ത് പറയേണ്ടതാണ് .

Exit mobile version