ഓണക്കാലത്തെ വരവേൽക്കാൻ കോട്ടയം പുതുപ്പള്ളിയിലും ആമ്പൽ വസന്തം തയ്യാറായി

പുതുപ്പള്ളി: പതിവുതെറ്റാതെ ഇക്കുറിയും പാടത്ത് ആമ്പല്‍ പൂത്തുലഞ്ഞുവെങ്കിലും കൊവിഡ് ഭീതിയില്‍ സന്ദര്‍ശകർ നന്നേ കുറവാണ്. ഓളപ്പരപ്പിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പല്‍പൂവുകൾക്കിടയിലൂടെയുള്ള സ്വപ്നതുല്യമായ യാത്രകൾക്ക് ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്. സന്ദർശകർക്ക് വേണ്ടി കൊതുമ്പു വള്ളങ്ങളും വള്ളക്കാരും തയ്യാറായെങ്കിൽ മാത്രമേ ടൂറിസം മേഖലയെന്ന വിശേഷണം പുതുപ്പള്ളിക്ക് ലഭിക്കൂ..

ഞങ്ങളുടെ യാത്രകളിൽ മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു പുതുപ്പള്ളിയിലെ ആമ്പൽപാടത്തേക്കുള്ള യാത്ര. പ്രഭാത സൂര്യൻ്റെ കിരണങ്ങൾതട്ടി പ്രകാശപൂരിതമായ പുതുപ്പള്ളിയിലെ ഈ പാടശേഖരങ്ങൾ പിങ്ക് നിറത്തിൽ നിറഞ്ഞിരിക്കുന്നു, മനോഹരമായ അമ്പൽ പൂക്കൾ കൊണ്ട് പരവതാനി വിരിച്ച പാടശേഖരത്തിൽ ഞങ്ങളെത്തി.

പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാണുവാനും , ഫോട്ടോകൾ പകർത്തുവാനും ഇവിടേക്ക് ആളുകൾ എത്താറുണ്ട്. ഈ ആമ്പൽ പാടത്തിലേക്ക് മാങ്ങാനം പാലൂർപടിയിൽ നിന്ന് ഒരു കിലോമീറ്ററും, പുതുപ്പള്ളി പള്ളിയുടെ സമീപത്ത് നിന്നും 400 മീറ്ററുമാണുള്ളത്.

കോട്ടയം ഭാഗത്ത് നിന്നുള്ളവർക്ക് മാങ്ങാനം പാലൂർപടിയിൽ നിന്നും പുതുപ്പള്ളി പള്ളിയിലേക്കുള്ള ബൈപാസ് റോഡിലൂടെ ഇവിടേക്ക് എത്താം. ഞാലിയാകുഴി ഭാഗത്ത് നിന്നും വരുന്നവർക്ക് പുതുപ്പള്ളി പള്ളിയുടെ സമീപത്തുള്ള വഴിയിലൂടെ ഇവിടേക്ക് എത്തുവാൻ സാധിക്കും. ഇടയ്ക്കിടെയെത്തുന്ന സന്ദര്‍ശകര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുവാനാണ് ഇവിടേക്ക് എത്തുന്നത്.

ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോട്ടയത്തെ മലരിക്കല്‍ എന്ന ഗ്രാമം ലോകശ്രദ്ധയാര്‍ജ്ജിച്ചത്. കണ്ണെത്താദൂരം വ്യാപിച്ചു കിടക്കുന്ന അമ്പല്‍പ്പൂക്കളുടെ വിസ്മയം കാണാന്‍ കേരളത്തില്‍ നിന്നും പുറത്തു നിന്നും ധാരാളം ആളുകൾ മലരിക്കലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ പുതുപ്പള്ളിയിലും ആമ്പല്‍പ്പൂവസന്തം പൂവണിഞ്ഞിരിക്കുകയാണ്.

കൊടൂരാറിനും അതിനോട് ചേര്‍ന്നുള്ള പച്ചപ്പും പുതുപ്പള്ളിയെന്ന കൊച്ചു ഗ്രാമത്തെ ആകര്‍ഷകമാക്കുന്നുണ്ട്. വെള്ളത്തില്‍ എവിടെ നോക്കിയാലും നല്ല കടും പിങ്ക് നിറം. കണ്ണെത്താദൂരം പരന്ന് കിടക്കുന്ന ആമ്പല്‍ പാടങ്ങളാണ് പുതുപ്പള്ളിയിലെ ഈ പാടശേഖരത്തെയും പിങ്കില്‍ മുക്കിയത്. ഏക്കര്‍ കണക്കിന് സ്ഥലത്ത് ആമ്പല്‍ പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്ന കാഴ്ച്ച ഇവിടെ കാണാം. എല്ലാ കൊല്ലവും ഈ സമയം ഇവിടെ ഇങ്ങനെയാണ്.

ആമ്പല്‍ പൂക്കളുടെ പശ്ചാത്തലത്തില്‍ സൂര്യോദയത്തിന്റെയും സൂര്യാസ്തമനത്തിന്റെയും കാഴ്ച കണ്ണിനു കുളിർമ നൽകുന്നു. ആമ്പല്‍പാടത്തേക്ക് ഇറങ്ങുവാൻ ബുദ്ധിമുട്ടുണ്ടങ്കിലും, കരയിൽ നിന്ന് ഫോട്ടോകള്‍ പകര്‍ത്തുന്നതിനു ബുദ്ധിമുട്ടൊന്നുമില്ല . ആകാശത്തെ നീല നിറവും വെള്ളത്തിലെ പിങ്ക് നിറവും ചേരുമ്പോള്‍ വശ്യമായ സൗന്ദര്യം ഈ സ്ഥലത്തിന് ലഭിക്കുന്നു.

വര്‍ഷത്തിലുടനീളം ഈ കാഴ്ച്ച ഇവിടെ കാണാനാവില്ല എന്നതാണ് പ്രത്യേകത. രണ്ട് കൃഷികള്‍ക്കിടയിലുള്ള സമയത്താണ് ഇവിടെ ആമ്പല്‍ പൂത്ത് തിമിര്‍ക്കുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവിടെ ആമ്പല്‍ പൂത്തു തുടങ്ങും.

ഇക്കുറിയും പതിവ് തെറ്റിയില്ല. ഡിസംബര്‍ പകുതി വരെ നീണ്ടു നില്‍ക്കുമെങ്കിലും നെല്‍കൃഷി ഇറക്കുന്നതിന് മുന്നോടിയായി ആമ്പല്‍പൂക്കള്‍ നശിപ്പിക്കും. അതിരാവിലെ തന്നെ ആമ്പല്‍ വസന്തം കാണുവാൻ പുതുപ്പള്ളിയിൽ എത്തുന്നതാണ് നല്ലത്. ഒരു എട്ടു മണിയോടെ ഇവിടെയെത്തണം. വെയിലുറച്ചാല്‍ ആമ്പലുകള്‍ വാടും. സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി പേർ ഇവിടെയെത്താറുണ്ട്. ഇവിടേക്ക് എത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങളും, സുരക്ഷയും പാലിക്കുവാൻ മറക്കാതിരിക്കുക. ഫോട്ടോ ഷൂട്ടിനും,കല്ല്യണത്തോടനുബന്ധിച്ചുള്ള വീഡിയോകളെടുക്കാനുമാണ് കൂടുതൽ ആളുകളും ഇവിടേക്ക് എത്തുന്നത്.

Exit mobile version