മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ഹേമന്ത് സോറന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാന വാരമാണ് ഷിബു സോറനെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനാണ്. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് നയിച്ചു. എട്ട് തവണ ലോക്‌സഭാംഗമായ ഷിബു സോറന്‍ മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.

1944 ജനുവരി ഒന്നിന് സന്താള്‍ ആദിവാസി കുടുംബത്തില്‍ ജനിച്ച ഷിബു സോറന്‍ 1962ല്‍ പതിനെട്ടു വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്.

1972ല്‍ ബിഹാറില്‍ നിന്ന് വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പുതിയൊരു പാര്‍ട്ടി രൂപീകരിച്ചു. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധൂംക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായത്. 2020 മുതല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Exit mobile version